Be the first to review “Thathri Bhagavathi” Cancel reply
Thathri Bhagavathi
₹490.00
താത്രീ ഭഗവതി
ഇരിഞ്ചയം രവി
ആര്യാധിനിവേശത്തിന്റെ ഫലമായി കേരളത്തില്‍ ഉദയംകൊണ്ട ബ്രാഹ്മണ സമുദായത്തിലെ സ്ത്രീ ജീവിതം നേരിട്ട ദുരന്തങ്ങള്‍; തിരുക്കൊച്ചിയിലെ പ്രബലമായ ചില നമ്പൂതിരി കുടുംബങ്ങളെ പശ്ചാത്തലമാക്കി ഈ നോവലില്‍ ആവിഷ്‌കരിച്ചിരിക്കുന്നു. ചാതുര്‍വര്‍ണ്യം തീവ്രതയോടെ അനുഷ്ഠിച്ചിരുന്ന ബ്രാഹ്മണ്യം, വേദേതിഹാസങ്ങളും ഉപനിഷത്തുക്കളും സ്മൃതികളും ശാസ്ത്രങ്ങളും തങ്ങളുടെ താല്‍പര്യങ്ങള്‍ക്കിണങ്ങും വിധം വ്യാഖ്യാനിച്ചും ദുര്‍വ്യാഖ്യാനം ചെയ്തും സൃഷ്ടിച്ച കുടുംബ സാമൂഹിക ജീവിതം പുരുഷ കേന്ദ്രീകൃതമായിരുന്നു. അയിത്തം കര്‍ശനമായി പാലിച്ചും തങ്ങള്‍ക്ക് ഇമ്പമുള്ളിടത്ത് അത് അപ്രസക്തമാക്കിയും മദോന്മാദ മണിപ്രവാളം രസാനുഭൂതി വര്‍ധിപ്പിക്കാന്‍ വിളമ്പിയും സ്ത്രീയെ ഭോഗോപാധിയക്കപ്പുറമായ് പരിഗണിക്കാതെ വിശുദ്ധമായ മനുഷ്യബന്ധങ്ങളെപ്പോലും അവഗണിച്ചും ഇളകിയാടിയ ബ്രാഹ്മണ പുരുഷന്റെ മെതിയടിക്കു താഴെ നിശബ്ദതയോടെ ഞെരിപിരിക്കൊണ്ട ബ്രാഹ്മണ സ്ത്രീ ജീവിതങ്ങളുടെ കണ്ണീരും കിനാക്കളും ഇഎംഎസ് നമ്പൂതിരിപ്പാടും വി ടി ഭട്ടതിരിയും എംആര്‍ബിയും പ്രേംജിയുമൊക്കെ വരച്ചു കാട്ടിയിട്ടുണ്ട്. തങ്ങളുടെ താല്‍പര്യങ്ങള്‍ക്കു നേരെ ഏതെങ്കിലും തരത്തിലുള്ള എതിര്‍പ്പുയര്‍ന്നാല്‍ ബ്രാഹ്മണ പുരുഷവര്‍ഗം അവയെ നിഷ്‌കരുണം അരിഞ്ഞു വീഴ്ത്തിയിരുന്നു. തത്വശാസ്ത്രങ്ങളെ മറയാക്കി പുരുഷന്‍ നയിച്ചിരുന്ന ജീവിതം സ്ത്രീ ജീവിതങ്ങളെ തീവ്രവേദനയുടെ ഹോമകുണ്ഡങ്ങളിലെ ഹവിസുകളാക്കിമാറ്റി. സ്മൃതികളെ ആവനാഴികളാക്കിക്കൊണ്ട് അവര്‍ തൊടുത്ത ശരങ്ങളെ അതിജീവിക്കാന്‍ സ്ത്രീ അശക്തയായിരുന്നു.
ഈ സാഹചര്യത്തില്‍ പീഡനങ്ങളുടെ തടവറയായ ഇല്ലത്തില്‍ നിന്നും പ്രതിഷേധത്തിന്റെയും പ്രതികാരത്തിന്റെയും ജ്വാലാമുഖിയായി മാറി. സഹസ്രാബ്ദങ്ങളായി ബ്രാഹ്മണ്യം പടുത്തുയര്‍ത്തിയിരുന്ന മിഥ്യാചാരങ്ങളുടെയും കപടസദാചാരത്തിന്റെയും രാവണന്‍കോട്ട തകര്‍ത്തെറിഞ്ഞ സംഹാര രുദ്രയാണ് കുറിയേടത്ത് താത്രി. താത്രിയുടെ ജീവിതത്തെ അവലംബമാക്കി രചിച്ചതാണ് താത്രീ ഭഗവതി എന്ന നോവല്‍. കുറിയേടത്തു സാവിത്രി അന്തര്‍ജ്ജനത്തിന്റെ ജീവിതത്തിലെ സംഭവങ്ങളുടെ അസ്ഥിപഞ്ജത്തില്‍ ഭാവനയുടെ മജ്ജയും മാംസവും കൂട്ടിയിണക്കി ഇരിഞ്ചയം രവി ചൈതന്യം നല്‍കിയ ഈ നോവല്‍ താത്രീചരിത്രത്തിന്റെ പശ്ചാത്തലത്തില്‍ രചിക്കപ്പെട്ട ഇതര നോവലുകളില്‍ നിന്ന് ഏറെഭിന്നമാണ്. പത്തൊന്‍പത് ഇരുപത് നൂറ്റാണ്ടുകളിലെ കേരളത്തിലെ ബ്രാഹ്മണ കുടുംബങ്ങളുടെ നഖചിത്രം നമുക്ക് ഈ നോവലില്‍ ദര്‍ശിക്കാം. ബാല്യം മുതലേ സംഗീതം, സാഹിത്യം, നൃത്തം, കഥകളി മുതലായ കലകളെ സ്‌നേഹിച്ചിരുന്ന സാവിത്രിക്ക് തന്റെ ശരീര സൗകുമാര്യം ശാപമായിരുന്നു. പ്രായം, ബന്ധം, സ്ഥാനം മുതലായവ പോലും പരിഗണിക്കാതെ വിവിധ തലങ്ങലിലുള്ള പുരുഷന്മാര്‍ബോധപൂര്‍വവും അല്ലാതെയും ഉളവായ അവസരങ്ങളില്‍ അവളെ ചൂഷണം ചെയ്യുന്നു. താത്രിയുടെ ഹ്രസ്വകാല ജീവിതം സ്മാര്‍ത്ത വിചാരത്തിലേക്കു ചെന്നെത്തുന്നതിന്റെ വിവിധ ഘട്ടങ്ങള്‍ അപൂര്‍വമായ രചനാ വൈഭവത്തോടെ ഇതില്‍ ആവിഷ്‌ക്കരിച്ചിരിക്കുന്നു.
നോവലിന്റെ കലാപരതയും കഥാഗതിയും സുഘടിതമാക്കാന്‍ നോവലിസ്റ്റ് ചില സാങ്കല്‍പിക കഥാപാത്രങ്ങളെ സൃഷ്ടിച്ചിരിക്കുന്നു. താത്രിയുടെ ആത്മാവിനെ സ്പര്‍ശിച്ച കാമുകനായ രാവുണ്ണിയും ശ്രീവരാഹം ക്ഷേത്രവും അദ്ധ്യാപികയായ പത്മവുമാണ് ഈ സവിശേഷ ഘടകങ്ങള്‍. രാവുണ്ണിയും പത്മയുമായുള്ള സംഭാഷണങ്ങളിലൂടെ വികസിക്കുന്ന നോവലില്‍ താത്രിയുടെ ജീവിതത്തിലെ സംഭവങ്ങളെ യുക്തി ഭദ്രതയോടെ കോര്‍ത്തിണക്കിയിരിക്കുന്നു. കീഴ്‌പ്പെട്ടുകൊണ്ടിരിക്കാന്‍ മാത്രം വിധിക്കപ്പെട്ടതാണ് തന്റെ അഭിശപ്ത ജീവിതമെന്ന് സ്വയം പഴിക്കുമ്പോഴും ജീവിത സ്‌നേഹവും പ്രത്യാശയും പ്രണയവും അങ്കരിക്കുന്ന താത്രിയുടെ മനസ് തികഞ്ഞ മനഃശാസ്ത്ര വൈഭവത്തോടെ നോവലിസ്റ്റ് അനാവരണം ചെയ്യുന്നു.
വേദങ്ങള്‍, സ്മൃതികള്‍, ആട്ടക്കഥകള്‍, കര്‍ണ്ണാടക സംഗീതകൃതികള്‍, കാളിദാസ രചനകള്‍ മുതലായവയില്‍ അഭിരമിച്ച താത്രിയില്‍ ഉയര്‍ന്ന സൗന്ദര്യബോധമുള്ള ആസ്വാദകയും തീക്ഷ്ണമായ സ്വാതന്ത്ര്യാ ഭിവാഞ്ഛയുമുള്ള സ്ത്രീത്വവും കൂടികൊണ്ടിരുന്നു. സ്മാര്‍ത്ത വിചാര വേളയില്‍ നിര്‍ഭയയായി അവളുയര്‍ത്തുന്ന ചോദ്യങ്ങള്‍ക്കുമുമ്പില്‍ പുരുഷമേധാവിത്വവും വ്യവസ്ഥിതിയും തീര്‍ത്ത ദന്തഗോപുരങ്ങള്‍ തകര്‍ന്നടിയുന്ന ചിത്രം കാണാം.
പുലരി, സായംസന്ധ്യ, ഇരുണ്ടരാവുകള്‍, പൗര്‍ണമിരാവുകള്‍, രാപ്പക്ഷികള്‍, കാവുകള്‍, പാടശേഖരങ്ങള്‍, മനകള്‍, അകത്തളങ്ങള്‍, കുളങ്ങള്‍, ഋതുഭേദങ്ങള്‍ എന്നിങ്ങനെ പ്രകൃതിയെയും അതിന്റെ വൈവിദ്ധ്യങ്ങളെയും സമ്മോഹനമായി ഈ കൃതിയില്‍ സമ്മേളിപ്പിച്ചിരിക്കുന്നു.
നോവലിലെ ഭാഷ എടുത്തുപറയേണ്ട ഒന്നാണ്. നൂറുവര്‍ഷങ്ങള്‍ക്കു മുന്‍പുള്ള ഒരു സമൂഹത്തിന്റെ ഭാഷയുടെ പദാവലിയും വിനിമയ ക്രമവും പുനര്‍ജനിപ്പിക്കാനുള്ള നോവലിസ്റ്റിന്റെ ശ്രമം അഭിനന്ദനീയമാണ്. ഗതകാലത്തെ പ്രത്യക്ഷമാക്കാനുള്ള ശ്രമവും കരുതലോടെ നടത്തിയിരിക്കുന്നു.
താത്രിക്കുട്ടിയുടെ യഥാര്‍ഥ ചരിത്രത്തിലെ അന്ത്യത്തിന് നോവലില്‍ ഒരു വ്യതിയാനം വരുത്തിയിരിക്കുന്നു. ചാലക്കുടിപുഴയില്‍ താത്രി സ്വജീവിതം സമര്‍പ്പിക്കുന്നതായി വെളിപ്പെടുത്തുന്ന അന്ത്യം ഒരുഫാന്റസിയിലൂടെ അവതരിപ്പിക്കുന്നു.
കാലം മാറിയിട്ടും അധികാരത്തിന്റെ മേല്‍ക്കോയ്മയും ആള്‍ബലവും സ്വാധീനവും സമ്പത്തും കൊണ്ട് ആധുനിക പുരുഷന്‍, താത്രിമാരെ കീഴടക്കാനുള്ള ശ്രമം തുടരുകയാണ്. മാറിയകാലത്തിലെ സ്മൃതിയായ ഭരണഘടനയോടും അതിലെ അനുഛേദങ്ങളോടും സ്മാര്‍ത്തന്മാരായ ന്യായാധിപന്മാരോടും ചോദ്യങ്ങളുന്നയിക്കാന്‍ ആധുനിക താത്രിമാര്‍ പലപ്പോഴും അശക്തരാണ്. ചരിത്രത്തിന്റെ ഈ അപരാഹ്നത്തില്‍ തിരസ്‌കൃതയായിട്ടും തന്നെ തിരസ്‌കരിച്ച, സ്ത്രീത്വത്തെ തമസ്‌കരിച്ച അധീശ വര്‍ഗത്തോട് ഏകാംഗപ്പടയാളിയായിപൊരുതി അമരത്വം വരിച്ച കുറിയേടത്തു താത്രിയെ നോവലിസ്റ്റ് താത്രീ ഭഗവതി എന്നു വിളിക്കുന്നത് തികച്ചും അന്വര്‍ഥം തന്നെ. – ഡോ സി നാരായണ പിള്ള
Thathree Bhagavathi
പേജ് 480 വില രൂ490
Share link on social media or email or copy link with the 'link icon' at the end:
Reviews
There are no reviews yet.